പൊയ്മുഖങ്ങള്
മാറിയണിഞ്ഞുകൊണ്ടിരിക്കും മുഖംമൂടികള്‍.
സ്വത്വം നിര്‍ണയിക്കപ്പെട്ടവയനവധി
നിര്‍വചനങ്ങളുമനേകം
നിര്‍വചിക്കാനാവാത്തതിനിയും
പുതുമുഖങ്ങളായി ബാക്കി
സുലഭമീപൊയ്മുഖങ്ങളെങ്ങുമെങ്കിലും
കടമെടുക്കുന്നെന്തിനോ ആയിരങ്ങള്
അജ്ഞാതവാസത്തിലിരുന്ന്,
സംവദിക്കുമാ പൊയ്മുഖങ്ങള്
വെറും വാക്കുകള്‍കൊണ്ടോ...
ശരീരമില്ലാ,ആത്മാവില്ലാ,
ഓജസ്സില്ലാ വാക്യങ്ങള്‍ കൊണ്ടോ...?
സ്വസ്ഥമായവ വിരാജിക്കുന്നത്
മനസ്സാക്ഷിയെ മസ്തിഷ്കത്തിലടച്ചുകൊണ്ടോ…?
പിഞ്ചുപൈതലിനെ തോല്പ്പിക്കുമാ
തെളിഞ്ഞ പുഞ്ചിരിക്കോണുകള്‍
നിഗൂഡമായതെന്തോ മറയ്ക്കുന്നുവോ...?
ഭ്രാന്തമാം തിരമാലകളാഞ്ഞടിക്കുമാ
പ്രക്ഷുബ്ധ ഹൃദയങ്ങള്‍,
നീറിപ്പുകയുന്ന വ്രണങ്ങളൊളിപ്പിക്കുന്നുവോ...?
നിഴലുകള്‍ ചാരിവഴിയറിയാതെ
അപ്രാപ്യമായൊന്നിനെ തേടുന്നുവോ..?
വെളിച്ചമില്ലാത്തൊരജ്ഞാത സദസ്സില്‍
വേഷംകെട്ടിയാടുന്നുവോ...?
പൊയ്മുഖങ്ങള്‍
മാറിയണിഞ്ഞുകൊണ്ടിരിക്കും മുഖംമൂടികള്‍
മാറ്റിയണിയുന്നതിനിടയില്‍
ഇടയ്ക്കിടെനോക്കി
കൊഞ്ഞനം കുത്തുന്നത്
പൊയ്മുഖങ്ങള്‍ പേറി തളര്‍ന്നയാ
സുന്ദര മുഖങ്ങളോ....?