Wednesday, June 8, 2011

പൊയ്മുഖങ്ങള്‍


പൊയ്മുഖങ്ങള്‍  
മാറിയണിഞ്ഞുകൊണ്ടിരിക്കും മുഖംമൂടികള്‍.
സ്വത്വം നിര്‍ണയിക്കപ്പെട്ടവയനവധി
നിര്‍വചനങ്ങളുമനേകം
നിര്‍വചിക്കാനാവാത്തതിനിയും
പുതുമുഖങ്ങളായി  ബാക്കി
സുലഭമീപൊയ്മുഖങ്ങളെങ്ങുമെങ്കിലും
കടമെടുക്കുന്നെന്തിനോ ആയിരങ്ങള്

അജ്ഞാതവാസത്തിലിരുന്ന്,
സംവദിക്കുമാ പൊയ്മുഖങ്ങള്
വെറും വാക്കുകള്‍കൊണ്ടോ...
ശരീരമില്ലാ,ആത്മാവില്ലാ,
ഓജസ്സില്ലാ വാക്യങ്ങള്‍ കൊണ്ടോ...?
സ്വസ്ഥമായവ വിരാജിക്കുന്നത്
മനസ്സാക്ഷിയെ മസ്തിഷ്കത്തിലടച്ചുകൊണ്ടോ?
പിഞ്ചുപൈതലിനെ തോല്പ്പിക്കുമാ
തെളിഞ്ഞ പുഞ്ചിരിക്കോണുകള്‍
നിഗൂഡമായതെന്തോ മറയ്ക്കുന്നുവോ...?
ഭ്രാന്തമാം തിരമാലകളാഞ്ഞടിക്കുമാ
പ്രക്ഷുബ്ധ ഹൃദയങ്ങള്‍,
നീറിപ്പുകയുന്ന വ്രണങ്ങളൊളിപ്പിക്കുന്നുവോ...?
നിഴലുകള്‍ ചാരിവഴിയറിയാതെ
അപ്രാപ്യമായൊന്നിനെ തേടുന്നുവോ..?
വെളിച്ചമില്ലാത്തൊരജ്ഞാത സദസ്സില്‍
വേഷംകെട്ടിയാടുന്നുവോ...?


പൊയ്മുഖങ്ങള്‍
മാറിയണിഞ്ഞുകൊണ്ടിരിക്കും മുഖംമൂടികള്‍
മാറ്റിയണിയുന്നതിനിടയില്‍
ഇടയ്ക്കിടെനോക്കി
കൊഞ്ഞനം കുത്തുന്നത്
പൊയ്മുഖങ്ങള്‍ പേറി തളര്‍ന്നയാ
സുന്ദര മുഖങ്ങളോ....?

Saturday, May 21, 2011

ഉത്തരം തേടി

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക്പിറകെ
യാത്ര തുടങ്ങീ ഞാനും
അവയ്ക്കുത്തരമില്ലാത്തതെന്തെന്ന
ചോദ്യത്തിന്നുത്തരവും തേടി...
കാതങ്ങള്‍ താണ്ടിയ-
ജ്ഞാത കൊടുമുടികള്ക്കിടയിലൂടെ
യാത്ര തുടരവേ,
വഴിതെറ്റിക്കുമെന്ന വാശിയിലാ
ചോദ്യങ്ങള്‍ ശരവേഗം പാഞ്ഞു
മത്സരിച്ചോടി തളരുമ്പോഴും
ഉത്തരങ്ങളുടെ വ്യക്തമാകാത്ത
മുഖങ്ങളെന്നെ മാടിവിളിച്ചു കൊണ്ടിരുന്നു.
വഴിപിശകി നടന്നപ്പോഴാ ചോദ്യങ്ങ-
ളെന്നെ നോക്കിയുറക്കെച്ചിരിച്ചു.

രാത്രിയുടെ മാറാല മെല്ലെ പടര്‍ന്നപ്പോള്‍,
മുഖം കൂര്പ്പിച്ചുനിന്ന കാര്‍മേഖങ്ങളെന്നെ
പൊതിഞ്ഞു വഴി തടഞ്ഞു.
പ്രതികാരത്തിന്‍ കൊടുംകാറ്റില്‍,
ദിക്കുതെറ്റി നടന്നുഴറവേ...
കൂരിരുട്ടിന്നനന്തതയില്‍ പാളിയ
മിന്നല്പിണറില്‍ ,
മിന്നിമാഞ്ഞ നിഴല്‍ രൂപങ്ങള്‍ക്ക്
എപ്പോഴോ കണ്ടുമറന്ന മുഖച്ഛായ.
ചിതറിവീണ ഇടവഴികളിലെ-
പ്പോഴോ കേട്ടുപരിചയിച്ച കാലൊച്ച.
അതിന്നിടയിലുമെവിടെയോ
പരിഹാസച്ചിരി മുഴങ്ങിക്കൊണ്ടിരുന്നു...

നടന്നുനടന്ന് കാല്കുഴഞ്ഞു ,
താണ്ടിയ വഴികളിലേക്ക് നോക്കി-
യാശ്ചാര്യം പൂണ്ടിരിക്കവേ....
ദയ തോന്നിയാ ചോദ്യങ്ങള്‍
രഹസ്യത്തിന്‍ ചുരുളഴിച്ചെങ്ങോ മറഞ്ഞു പോയി
ഞാന്‍ തേടിയലഞ്ഞയുത്തരങ്ങളേതോ
അജ്ഞാതകാരണങ്ങളാല്‍,
ഏതോ നിഗൂഡകയത്തില്ച്ചാടി
ആത്മഹത്യ ചെയ്തിരുന്നു....Tuesday, April 26, 2011

വൈറസ്‌    
       ഓര്‍മകളുടെ ഫോട്ടോവ്യൂവറില്‍
ഇടയ്ക്കിടെ നീ മിന്നിമറയുന്നു
വിവിധ ഭാവങ്ങളില്‍,വര്‍ണങ്ങളില്‍....
ഫ്ലാഷ്ബാക്കായിതെന്നിനീങ്ങുന്നു
സ്നേഹവര്‍ണ്ണം ചാലിച്ച ഹൃസ്വ ചിത്രങ്ങള്‍.....
 കുങ്കുമത്തിന്‍ സന്ധ്യകളില്‍,നീലാകാശങ്ങളില്‍,
വെന്‍നക്ഷത്ര ശോഭയില്‍ നീ
മന്ദഹസിക്കുന്ന ഫ്രൈമുകള്‍...
നിന്‍റെ  സ്വനതന്തുക്കളുടെ
പതിഞ്ഞ ശബ്ദത്തിലുള്ള സംഗീതം
ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി  
കര്‍ണ്ണങ്ങളില്‍ മുഴങ്ങുന്നു....  
 
മിഴികളില്‍  നനവിന്‍റെ കണ്മഷിക്കറുപ്പ്‌ പടര്‍ത്തി,
നെഞ്ചിന്‍ കൂടിനുള്ളില്‍ മൈലാഞ്ചിചോപ്പിറ്റിച്ച്.....
നിനക്കാത്ത നേരങ്ങളില്‍ വിരുന്നെത്തുന്ന അതിഥിയായി...


ഷോട്ടുകള്‍ മാറിമാറിയവസാനം.....
എന്‍റെ പൂമരതിന്ചോട്ടിലേക്ക് നോക്കി
കണ്ണീര്‍പൊഴിച്ച് നീ,
യാത്രപറഞ്ഞു നടന്നകന്ന രംഗം
റീപ്ലേ ചെയ്തുകൊണ്ടിരുന്നു....
ആ കാലൊച്ച പതിയെ അലിഞ്ഞില്ലാതാവുന്നതു വരെ....


ഓര്‍മ്മകളുറങ്ങുന്ന ഡ്രൈവില്‍ നിന്നും
പലവട്ടം ഡിലീറ്റ്‌ ചെയ്തിരുന്നുവല്ലോ...?
എന്നിട്ടുമെന്തേ....? വീണ്ടും
ചികഞ്ഞു നോക്കിയപ്പോഴാണ് കണ്ണില്‍പെട്ടത്,
എല്ലാം റീസൈക്കിള്‍ബിന്നില്‍നിന്നും
റീലോഡായിക്കൊണ്ടിരിക്കുകയായിരുന്നു......

Monday, March 14, 2011

നിന്നിലേക്ക്

ഏകാന്തപഥികയാം  നിന്നരുമദാസി
പ്രാര്‍ത്ഥിച്ചൂ പ്രഭാതപ്രദോഷങ്ങളില്‍
വഴ്ത്തി നിന്‍ മഹത്വം നിന്‍ നാമങ്ങള്‍
പശ്ചാത്തപിച്ചു വിവശയായി.
പെന്മനസ്സിന്‍  സ്വാര്‍ത്ഥതക്ക്
കീഴടങ്ങിപ്പോയീ  ദാസിതന്‍മനം
മിനായിനേരത്തേക്ക് മാത്രം,
വെറും മിനായി നേരത്തേക്ക്.
നല്കാനായ്‌ വെച്ച സ്വര്‍ഗീയപരിമളം
കാണിച്ചുനീ അവള്‍ക്കുമുന്നില്‍
ഏറെയാശിച്ചവള്‍ വന്നണഞ്ഞപ്പോള്‍ 
കൊണ്ടുപോയ്മറ്റാരോ കുറച്ചു മുന്‍പ്‌,
വളരെ കുറച്ചു മുന്‍പ്.
മടങ്ങുന്നു നാഥാ നിന്നരുമദാസി
നിന്‍ സ്വര്‍ഗീയ പരിമളം കൊതിച്ചുകൊണ്ട്,
നിന്‍റെ  ചാരേക്കണയുവാന്‍
ഒരു കൈ പ്രതീക്ഷിച്ചുകൊണ്ട്.
നിന്നിലര്‍പ്പിക്കുന്നവള്‍  സര്‍വതും
നാളെയാകുന്ന സ്വര്‍ഗം കിനാവ്കണ്ട്.

Saturday, March 12, 2011

ഇരുളിന്‍ മഹാനിദ്രയില്‍

(എന്റെ ഇഷ്ടകവിതകളില്‍ ഒന്ന്.ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയ്ക്ക് വേണ്ടി  മദുസൂദനന്‍ നായര്‍ എഴുതി അദ്ദേഹം തന്നെ ആലപിച്ചതു.) 

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നൂ...
എന്‍ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ...
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ...

ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ ...
ജീവനുരുകുമ്പോളൊരു തുള്ളി ഉറയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനവിന്റെയിതളായി നിന്നെ പറത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ ..

ഒരു കുഞ്ഞു രാപാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു ...
നിന്നിലഭയം തിരഞ്ഞു പോകുന്നു ....

അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം........................