Saturday, May 21, 2011

ഉത്തരം തേടി





















ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക്പിറകെ
യാത്ര തുടങ്ങീ ഞാനും
അവയ്ക്കുത്തരമില്ലാത്തതെന്തെന്ന
ചോദ്യത്തിന്നുത്തരവും തേടി...
കാതങ്ങള്‍ താണ്ടിയ-
ജ്ഞാത കൊടുമുടികള്ക്കിടയിലൂടെ
യാത്ര തുടരവേ,
വഴിതെറ്റിക്കുമെന്ന വാശിയിലാ
ചോദ്യങ്ങള്‍ ശരവേഗം പാഞ്ഞു
മത്സരിച്ചോടി തളരുമ്പോഴും
ഉത്തരങ്ങളുടെ വ്യക്തമാകാത്ത
മുഖങ്ങളെന്നെ മാടിവിളിച്ചു കൊണ്ടിരുന്നു.
വഴിപിശകി നടന്നപ്പോഴാ ചോദ്യങ്ങ-
ളെന്നെ നോക്കിയുറക്കെച്ചിരിച്ചു.

രാത്രിയുടെ മാറാല മെല്ലെ പടര്‍ന്നപ്പോള്‍,
മുഖം കൂര്പ്പിച്ചുനിന്ന കാര്‍മേഖങ്ങളെന്നെ
പൊതിഞ്ഞു വഴി തടഞ്ഞു.
പ്രതികാരത്തിന്‍ കൊടുംകാറ്റില്‍,
ദിക്കുതെറ്റി നടന്നുഴറവേ...
കൂരിരുട്ടിന്നനന്തതയില്‍ പാളിയ
മിന്നല്പിണറില്‍ ,
മിന്നിമാഞ്ഞ നിഴല്‍ രൂപങ്ങള്‍ക്ക്
എപ്പോഴോ കണ്ടുമറന്ന മുഖച്ഛായ.
ചിതറിവീണ ഇടവഴികളിലെ-
പ്പോഴോ കേട്ടുപരിചയിച്ച കാലൊച്ച.
അതിന്നിടയിലുമെവിടെയോ
പരിഹാസച്ചിരി മുഴങ്ങിക്കൊണ്ടിരുന്നു...

നടന്നുനടന്ന് കാല്കുഴഞ്ഞു ,
താണ്ടിയ വഴികളിലേക്ക് നോക്കി-
യാശ്ചാര്യം പൂണ്ടിരിക്കവേ....
ദയ തോന്നിയാ ചോദ്യങ്ങള്‍
രഹസ്യത്തിന്‍ ചുരുളഴിച്ചെങ്ങോ മറഞ്ഞു പോയി
ഞാന്‍ തേടിയലഞ്ഞയുത്തരങ്ങളേതോ
അജ്ഞാതകാരണങ്ങളാല്‍,
ഏതോ നിഗൂഡകയത്തില്ച്ചാടി
ആത്മഹത്യ ചെയ്തിരുന്നു....